Wednesday 13 February 2008

kirAtham 182-331

കൈതവരഹിതന്മാരവര്‍ സുഖമൊടു
ദ്വൈതവനത്തിലിരിക്കും കാലം
കൈതവമിയലും കുരുകുലകുമതികള്‍
ചെയ്തൊരു കള്ളച്ചൂതു നിമിത്തം
ജാതമതാകിനവൈരമൊഴിപ്പാ-
നേതൊരു മാര്‍ഗ്ഗം സമുചിതമെന്നായ്‌.
ചേതസി കിമപി വിചാരിക്കുമ്പോള്‍
പ്രീതനതാകിന വേദവ്യാസന്‍
പരിചൊടു വന്നുപദേശം ചെയ്തു;
പരമേശനൊടു പാശുപതാസ്ത്രം
വിശ്വാസത്തൊടു വാങ്ങിക്കൊണ്ടഥ
ശത്രുജയത്തിനു വരവും വാങ്ങി
സത്വരമിങ്ങുവരേണം വിജയന്‍;
വിരവൊടു പോകെന്നരുള്‍ചെയ്തീടിന
വരവചനത്തെക്കേട്ടഥ വിജയന്‍!
ഗുരുവന്ദനവും ചെയ്തു കരത്തില്‍
ശരവും വില്ലുമെടുത്തു തിരിച്ചു.
ഗിരിശന്‍ ഭഗവാന്‍ വാണരുളുന്നൊരു
ഗിരിയുടെ മുകളില്‍ ചെന്നു കരേറി.
സുരവരതടിനീസലിലേ മുഴുകി
തരസാനിന്നു തപസ്സു തുടങ്ങി.
പഞ്ചായുധരിപുതന്നുടെ നാമം
പഞ്ചാക്ഷരമതു പഠനം ചെയ്തു
പഞ്ചാഗ്നികളുടെ നടുവിലനാരത-
മഞ്ചാതേ കണ്ടവിടെ വസിച്ചു;
പഞ്ചാനനസമധീരനതാകിന
പാഞ്ചാലീപതി പാണ്ഡുതനൂജന്‍
പഞ്ചേന്ദ്രിയവുമടക്കി മനസ്സില്‍
സഞ്ചാരത്തിനു വഴികള്‍ മുടക്കി
ചഞ്ചലഭാവവുമഖിലമകന്നു ക-
രാഞ്ചലയുഗളും മുകുളിതമാക്കി
കിഞ്ചനസംശയമിടകൂടതെ
നെഞ്ചിലുറച്ചു ശിവോഹമതെന്ന്‌
സഞ്ചിതഭാവവിശുദ്ധജ്ഞാനവു-
മഞ്ചിതമാകിന ശിവനുടെ രൂപം
അഞ്ചും മൂന്നും മൂര്‍ത്തികളുള്ളൊരു
സഞ്ചിതഗുണനാമഖിലേശ്വരനുടെ
ചെഞ്ചിടമുടിയും നിടിലത്തടവും
സഞ്ചിതപാവകനേത്രപ്രഭയും
ചഞ്ചലഫണമണികുണ്ഡലയുഗവും
പുഞ്ചിരി തഞ്ചിന തിരുമുഖവടിവും
ഗരളസ്ഫുരിതമഹാഗളതലവും
പരിലസിതം ഫണിതിരുമാറിടവും
പരശുമൃഗാഭയവരദകടുന്തുടി
ശരശൂലാഞ്ചിത കരനാളികയും
കരി ചര്‍മ്മാവൃത വികട കടീതട-
പരിലസിതോരഗമണിമേഖലയും
പരിമൃദുതുടകളുമടിമലരണിയും
പരിചൊടു ചേതസി ചേര്‍ത്തു കിരീടി
പര്‍മാനന്ദസമുദ്രേ മുഴുകി
പരമേശ്വരനഹമെന്നുമുറപ്പി-
ച്ചുരുതര ഭക്തി മുഴുത്തു മുനീശ്വര-
ചരിതത്തേക്കാളൊന്നു കവിഞ്ഞു.
ഫലമൂലാദികള്‍ ഭക്ഷണമില്ലാ
ജലപാനത്തിനുമാഗ്രഹമില്ലാ
നിലമതിലൊരു കാലൂന്നിക്കൊണ്ടൊരു
നിലയും നിഷ്ഠയുമെത്ര സുഘോരം!
വലരിപുസുതനുടെ ജടയുടെ നടുവില്‍
പല പല പക്ഷികള്‍ കൂടുകള്‍ കെട്ടി.
കല, പുലി, പന്നികളെന്നിവ വന്നു
പലരും ചെന്നു വണങ്ങീടുന്നു!
ചുറ്റും വള്ളികള്‍ വന്നുടനിടയില്‍
ചുറ്റുന്നതുമവലറിയുന്നില്ല;
പുറ്റു ചുഴന്നു കിളര്‍ന്നതിനകമേ
മുറ്റുന്നതുമവനറിയുന്നില്ല.
ചുറ്റും പാമ്പുകള്‍ വന്നു നിറഞ്ഞു
മുറ്റും ജിഷ്ണു മറഞ്ഞു ചമഞ്ഞു.
ചന്ദ്രക്കലാധരന്റെ സാന്ദ്രമാം സേവചെയ്‌വാന്‍
ചന്ദ്രപ്രതിമന്‍ വീരന്‍ സന്ദ്രപ്രസാദത്തോടെ
അന്നുള്ള ചങ്ങലകളഞ്ചും വെവ്വേറെയാക്കി
ആറില്‍ കടന്നു. പിന്നെ ഏഴുള്ള്മാര്‍ഗ്ഗത്തൂടെ
അട്ടുള്ള പെട്ടകങ്ങളും തുറന്നു വെച്ചു
ഒമ്പതാം വാതിലപ്പോള്‍ ബന്ധനം ചെയ്തു ധീരന്‍
പത്തുള്ള ദിക്കില്‍ക്കൂടെ ചേര്‍ത്തു സഞ്ചാരം ചെയ്തു;
ആയിരമിതളുള്ള താമരയിതള്‍ പല
ഭൃംഗം പറന്നു പല ഭൃംഗികയായുള്ളോരു
പിംഗലയിഡതന്നില്‍ പിന്നെ സുഷുമ്നതന്നില്‍
ഒക്കെകടന്നു പിന്നെ ദുര്‍ഘടനദികളും
ജിഹ്വാഗ്രഖണ്ഡത്തിന്റെ അഗ്രേ കടന്നു വീരന്‍
സൂര്യന്റെ ദിക്കില്‍ ചെന്നു സൂര്യപ്രതിമതന്‍ ധീരന്‍
പഞ്ചാരപ്പായസങ്ങള്‍ കൂടിക്കലര്‍ന്നിട്ടുള്ള-
തഞ്ചാതെ സേവ ചെയ്തു പായസപ്രിയസഖന്‍.
അത്ര ഭയങ്കരമായ തപസ്സിനു
പാത്രമതാകിയ പര്‍ത്ഥന്‍ തന്നുടെ
വാര്‍ത്തകള്‍ കേട്ടഥ വാസവനുള്ളില്‍
ചീര്‍ത്തൊരു ഭീതി മുഴുത്തു തുടങ്ങി
പാര്‍ത്ഥിവവരനിവനെന്നുടെ രാജ്യം
പാര്‍ത്തിരിയാതെ കരസ്ഥമതാക്കും
പാര്‍ത്തലമൊക്കെയടക്കി സുയോധന-
നോര്‍ത്താലിനിയതു വരവോന്നല്ല;
സ്വര്‍ഗ്ഗമശേഷമടക്കാമെന്നൊരു
ദുര്‍ഗ്ഗര്‍വ്വെന്നുടെ മകനു തുടങ്ങി.
ഭര്‍ഗ്ഗനെ വന്നു തപസ്സു തുടങ്ങി
ദുര്‍ഗ്ഗതിനീക്കാമെന്നുമുറച്ചു;
തന്‍കഴല്‍ വന്നു വണങ്ങുന്നവരുടെ
സങ്കടമൊക്കയൊഴിക്കണമെന്നു
ശങ്കരനൊന്നു കടാക്ഷിക്കുമ്പോള്‍
കിങ്കരരായ്‌ വരുമിജ്ജനമെല്ലാം;
നിര്‍ജ്ജരരാജന്‍ നീയല്ലിനിമേല്‍
അര്‍ജ്ജുനനിഹ ഞാന്‍ വാളു കൊടുത്തു
അച്ഛനടങ്ങിയിരിക്കേ വേണ്ടൂ
വെച്ചാലും വാളെന്നു ഗിരീശന്‍
കല്‌പിച്ചെങ്കിലെറാനെന്നല്ലാ-
തിപ്പരിഷയ്ക്കൊന്നുരിയാടാമോ?
ഇത്തൊഴിലൊക്കെ വരുത്തും നമ്മുടെ
പുത്രന്‍ ഫല്‍ഗുനനെത്ര സമര്‍ത്ഥന്‍;
ഹനമെന്നുള്ളതു മോഹിക്കുമ്പോള്‍
വിനയമൊരുത്തനുമില്ലിഹ നൂനം.
തനയന്‍ ജനകനെ വഞ്ചന ചെയ്യും
ജനകന്‍ തനയനെ വധവും കൂട്ടും
അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും;
മനുജന്മാരുടെ മാര്‍ഗ്ഗമിതെല്ലാം;
കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില്‍ സുലഭം;
ഉഗ്രതപെരുകിന ധൃതരാഷ്ട്രാത്മജ-
നഗ്രജനാകിന ധര്‍മ്മാത്മജനുടെ
നിഗ്രഹമല്ലാതുള്ളൊരു തൊഴിലുക-
ളൊക്കെയെടുത്തു തടുത്തു വലച്ചും
പലരും കാണ്‍കെ ദ്രൗപദി തന്നുടെ
തലമുടി പിടിപെട്ടടിയും കൂടി
ഝടിതി പൊടിച്ചും പുടവയഴിച്ചും
പൊടിയിലിഴച്ചും പൂജകഴിച്ചും
ദുശ്ശാസനനെന്നവനെപ്പോലെ
കശ്മമലനായിട്ടൊരുവനുമില്ല;
മര്യാദയ്ക്കു നടക്കണമെന്നു
ദുര്യോധനനൊരു ഭാവവുമില്ല.
ജ്യേഷ്ഠനിരിക്കെ കുരിവംശത്തില്‍
ജ്യേച്ഠന്‍ ഞാനെന്നവനുടെ ഭാവം.
ജ്യേഷ്ഠനെ നാട്ടില്‍ കണ്ടെന്നാകില്‍
ചേട്ടകള്‍ തല്ലി പല്ലു പൊഴിക്കും;
നാടും നഗരവുമൊക്കെ വെടിഞ്ഞിഹ
കാടും വാണുവസിച്ചു യുധിഷ്ഠിരന്‍
അവനുടെ തമ്പി ധനഞ്ജയനിപ്പോള്‍
ശിവനെസ്സേവ തുടങ്ങി പതുക്കെ;
ഭുവനം മൂന്നുമടക്കി വസിപ്പ്പ്പാ-
നവനുണ്ടാഗ്രഹമതു സാധിക്കും;
ശിവനും പിന്നെ സ്സേവിപ്പോരെ
ശിരസി കരേറ്റാനൊരു മടിയില്ല.
കുടിലതയുള്ളൊരു ചന്ദ്രക്കലയും
മുടിയിലെടുത്തു നടക്കുന്നില്ലേ?
ഭുവനദ്രോഹം ചെയ്‌വാനായി
ശിവനേച്ചെന്നു ഭജിക്ക നിമിത്തം
ഭവനം മൂന്നു ലഭിച്ച പുരന്മാര്‍
ഭുവനം മൂന്നും ഭസ്മമതാക്കി
നമ്മുടെ മകനെന്നാകിലുമിങ്ങനെ
നിര്‍മ്മര്യാദം ഭാവിച്ചാലതു
സമ്മതമല്ല നമുക്കൊരുനാളും.
തന്മതഭംഗം ചെയ്തേ പോരൂ;
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളു.

Monday 11 February 2008

KirAtham 132-181

കെട്ടും കവികള്‍ ചിലര്‍ കേട്ടും പ്രയോഗിക്കുമ്പോള്‍
തട്ടുമ്മേലേറുന്നേരം തട്ടുമവന്നു ഭഗം,
ഇഷ്ടം ലഭിക്കയില്ലനിഷ്ടം ലഭിക്കും താനും:
ഇത്ഥം വിചാരിക്കുമ്പോളിത്തൊഴിലെളുതല്ലാ
ചിത്തം ഗുരുക്കന്മാരില്‍ നിത്യമുറപ്പിക്കുന്ന
സത്തുക്കള്‍ക്കൊരു ഭാഗ്യമെത്തുമെന്നതേ വേണ്ടൂ.
ഉലകളുടെ പെരുമാള്‍ വാഴും കാലം,
പലകളുടിയില്ല് ധരിത്രിയിലെങ്ങും
വില പിടിയാത്ത ജനങ്ങളുമില്ല
ചിലവിടുവാന്‍ മടിയൊരുവനുമില്ല;
തലമുടി ചൊടിയും പല്ലും മുഖവും
മുലയും കണ്ടാലഴകില്ലത്തൊരു
ചലമിഴിമാരിലൊരുത്തരുമില്ല
മലയാളം പലദേശങ്ങളിലും;
സ്ഥലമില്ലാത്ത ഗൃഹങ്ങളുമില്ല
ജലമില്ലാത്ത കുളങ്ങളുമില്ല
ഫലമില്ലാത്ത മരങ്ങളുമില്ല
ഫലമില്ലാത്ത വിവാദവുമില്ല
ഓത്തില്ലാത്ത മഹീസുരരില്ല
കൂത്തില്ലത്ത നടന്മാരില്ല
പോത്തില്ലാത്ത കൃഷിക്കാരില്ല
ചാര്‍ത്തില്ലാത്ത്‌ ധനവ്യമില്ല;
ഭള്ളു പറഞ്ഞുനടക്കുന്നവരും
കള്ളു കുടിചുമുടിക്കുന്നവരും
പൊള്ളു പറഞ്ഞു ഫലിപ്പിക്കുന്നവരും
ഉള്ളിലസൂയ മുഴുക്കന്നവരും
കള്ളന്മാരും കശ്മജലാതികള്‍
ഉള്ളൊരുദിക്കില്‍ കാണ്മാനില്ല;
എള്ളും നെല്ലും പൊന്നും പണവും
എങ്ങുമൊരേടത്തിലാതില്ല.
ഉത്തമഗുണനാമുലകളുടെ പെരുമാള്‍
എത്തരമവനിസുഖത്തെ വരത്തി
പത്തനീസമനി പരമനന്ദം
സ്വസ്ഥതയോടെ വസിക്കും കാലം
ശാസ്ത്രി ബ്രാമണനൊരുവന്‍ വന്നഥ
ശാസ്ത്രമൊരല്‍പ്പം വായിച്ചന്‍പൊടു
ധാത്രീശ്വരനെബ്ബോധിപ്പിച്ചതു
മാത്രം ഞാനിഹ കഥനം ചെയ്യാം;
ശ്രീ മധുസൂദനഭക്തശിരോമണി
സോമകുലാംബുധി പൂര്‍ണ്ണശശാങ്കന്‍
ഭൂമി പുരന്ദരനായ യുധിഷ്ഠിര-
ഭൂമിയിലടവിയിലാദരവോടെ
ഭീമാദികളാമവരജരോടും
ഭാമിനിയാകിയ ദ്രൗപദിയോടും
മാമുനിമാരുടെ വേഷം പൂണ്ടഥ
യാമിനി തന്നിലുറക്കമിളച്ചു.
'രാമ ഹരേ! വരദേ'തി മുദാ തിരു-
നാമ ജപങ്ങള്‍ മുടങ്ങീടാതെ
ആമയഹരരുചി തീര്‍ത്ഥജലങ്ങളി-
ലാമഗ്നന്മാരായി നടന്നു;

Sunday 10 February 2008

KirAtham 72-131

സുജനഗണം കൊണ്ടുളവകും ബഹു-
മാനവിശേഷം വരുമെന്നുള്ളതു
ഞനൊരുപദ്യം ചൊല്ലാമായതു
മാനുഷരെല്ലാം കേട്ടറിയേണം.
കര്‍ണ്ണാരുന്തുദമന്തരേണ രണിതം ഗാഹസ്വകാക! സ്വയം
മാകന്ദം മകരന്ദശാലിനമിഹ ത്വാം മന്മഹേ കോകിലം
രമ്യാണി സ്ഥലവൈഭവേന കതിചിദ്വസ്തൂനി കസ്തൂരികാം
നേപാളക്ഷിതിപാലഫാലപതിതേ പങ്കേന ശങ്കേത കഃ
നേപളക്ഷിതി തന്നില്‍ വസിക്കും
ഭൂപാലന്റെ വലിപ്പം പറവാന്‍
പണ്ടൊരു കവിതക്കാരന്‍ പദ്യമ-
തുണ്ടാക്കി സ്തുതി ചെയ്ത്‌തു കേള്‍പ്പിന്‍;
പിതൃപിണ്ഡത്തെക്കൊത്തിത്തിന്മാന്‍
കൊതിയേറുന്നൊരു കാക്കേ! കേള്‍ നീ
കൂരിരുള്‍ പോലെ കറുത്ത ശരീരം
ക്രൂരമിതയ്യോ നിന്നുടെ ശബ്ദം.
പാരമസഹ്യം കേള്‍ക്കുന്നോര്‍ക്കൊരു
നേരവുമില്ലൊരു സൗഖ്യമിദാനീം
കര്‍ണ്ണങ്ങള്‍ക്കിതു കേള്‍ക്കുന്നേരം
പുണ്ണിലൊരുമ്പു തറച്ചതുപോലെ;
ഉരിയാടാതൊരു തേന്മാവിന്മേല്‍
മരുവുന്നാകില്‍ നിനക്കിഹകാക്കേ!
പെരുതായിട്ടൊരു ഗുണമുണ്ടായ്‌വരു-
മരുതാത്തതു പറകല്ല സഖേ! ഞാന്‍;
കുയിലും കാകനുമൊരു നിറമെന്നതു
കുറവില്ലതിനു പലര്‍ക്കും ബോദ്ധ്യം.
നാദം കൊണ്ടേ നിങ്ങളു തമ്മില്‍
ഭേദമതുള്ളൂ ബലിഭോക്താവേ!
മാവിന്നഗ്രേ ചെന്നു വസിച്ചാല്‍
കാകന്‍ നീയൊരു കോകിലമാവും
കാണികള്‍ നിന്നെക്കുയില്‍ കുയിലെന്നൊരു
നണിയമങ്ങു നടത്തിക്കൊള്ളും
ആയതു വരുമോ എന്നൊരു സംശയ-
മകതാരില്‍ പുനരുണ്ടാകേണ്ടാ;
നേപാളക്ഷിതിതന്നില്‍ വസിക്കും
ഭൂപാലന്റെ ലലാടം തന്നില്‍
ചേറു പിരണ്ടതുകണ്ടാലതു വില-
വേറില്ലാത്തൊരു കസ്തൂരിക്കുറി
എന്നല്ലാതൊരു മനുജന്മാര്‍ക്കും
തോന്നുകയില്ല വിചാരിക്കുമ്പോള്‍
കുങ്കുമണിയും തിരുനെറ്റിക്കൊരു
പങ്കം പിരള്‍വാനെന്തവകാശം?
ശങ്കര ശിവ ശിവ! ചേരാതുള്ളതു
ശങ്കിച്ചവനൊരബദ്ധക്കാരന്‍
ഏറെപ്പോന്ന ജനങ്ങടെ പാലനു
ചേറെന്നുള്ളതിനെന്തവകാശം?
ചെളിയൊന്നുള്ളതൊരുത്തനുപോലും
കളിയായിപ്പറവാനും മേലാ;
ജളനെന്നാലും സ്ഥലഭേദം കൊ-
ണ്ടുളവാം ഗുണമെന്നിതിനര്‍ത്ഥം.
ശാസ്ത്രങ്ങള്‍ വ്യാകരണസൂത്രങ്ങള്‍ നല്ല തര്‍ക്ക-
വാദങ്ങല്‍ പിന്നെ ധര്‍മ്മശാസ്ത്രങ്ങള്‍ പുരാണങ്ങള്‍
വേദം ഗണിതം മന്ത്രവാദം ചികിത്സാഗ്രന്ഥ-
ഭേദം ശാസ്ത്രവിദ്യാവിനോദമെന്നിവകളും
ആട്ടം കളികള്‍ പിന്നെ ചാട്ടം ഞാണിന്മേലേറി,
ഓട്ടം തുള്ളലും പലകൂട്ടം ഗ്രഹിച്ചവനും
കോട്ടം കൂടാതെ കവിക്കൂട്ടം ചമച്ചുണ്ടാക്കി
വാട്ടം കൂടാതെ വിദ്വത്‌കൂട്ടത്തെ ബോധിപ്പിപ്പാന്‍
ഒട്ടുമെളുതല്ലെന്നു ഞെട്ടും, സഭയെക്കണ്ടാല്‍
മുട്ടും മനസ്സു പാരം ചുട്ടു പഠിച്ചതെല്ലാം
വിട്ടു പോമത്രയല്ല കിട്ടും പരിഹാസങ്ങള്‍.

Saturday 9 February 2008

KirAtham 1-71

കിരാതം
കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍

Kiraatham
by Kalakkathu Kunchan Nambiar

ഹരിഹരതനയന്‍ തിരുവടി ശരണം
വിരവൊടുകവിചൊല്‍വാന്‍ വരമരുളേണം
മറുതലരടിയനൊടടല്‍ കരുതായ്‌വാന്‍
കരുതുന്നേന്‍ കരുണാമൃതസിന്ധോ
കരി, കരടികള്‍, കടുവാ, പുലി, സിംഹം
വനമതില്‍ നിന്നു വധിച്ചതുപോലെ
മറുതലര്‍തമ്മെയൊഴിച്ചരുള്‍ നിത്യം
തകഴിയില്‍ വിലസീടുന്നിലവയ്യാ!
അണമതികലയും തുമ്പയുമെല്ലും
ഫണിപതിഫണഗണമണികളുമണിയും
പുരരുപിതന്‍പദകമലേ പരിചൊടു
പണിയുന്നവരുടെ പാലനശീലന്‍.
പ്രണയിനിയാകിന മലമകള്‍താനും
പ്രണയസുഖേനരമിപ്പാനായി
ക്ഷണമൊരുകരിവരമിഥുനമതായി
ക്ഷണികമതാകിന വിഷയസുഖത്തില്‍
പ്രണയമിയന്നൊരു രസികന്മാരവര്‍
പ്രണിഹിതകുതുകം വാഴും കാലം.
മണമിയലുന്ന മരപ്പുങ്കാവില്‍
മണലില്‍ നടന്നു മദിച്ചു മരങ്ങടെ
തണലിലിരുന്നു രമിക്കുന്നേരം
ഗുണവതിയാമുമതന്നുടെ മകനായ്‌
ഗണപതിയെന്നൊരു മൂര്‍ത്തിവിശേഷം
പ്രണതജനങ്ങുടെ വിഘ്‌നമൊഴിപ്പാന്‍
പ്രണയിതകുതുകം വന്നു പിറന്നു.
ക്ഷണമാത്രം നിന്തിരുവടിയടിയനു
തുണമാത്രം ചെയ്‌തീടുന്നാകില്‍
ഗുണപാത്രം ഞാനെന്നിഹ വരുവന്‍
അണുമാത്രം മമ സംശയമില്ല.
ഗണരാത്രങ്ങള്‍ കഴിഞ്ഞതിലങ്ങൊരു
കണമാത്രം പുനരുണ്ടായില്ല.
തൃണമാത്രം ബഹുമാനവുമില്ല
ധനവാന്മാരുടെ സഭയില്‍ വരുമ്പോള്‍
പരമാര്‍ത്ഥം പറയാമടിയന്നൊരു
പരനിന്ദാദികള്‍ നാവിലുമില്ല
പരിചൊടു സന്തതമംബരതടിനീ-
പുരിയില്‍ വസിച്ചരുളീടിന ഭഗവാന്‍
പരമാനന്ദമയാകൃതി കൃഷ്ണന്‍
പരദൈവതമടിയന്നനുകൂലം
നരപതി കുലപതി ധരണീസരുപതി
നിരവധി ഗുണഗണനിധിപതിസദൃശന്‍
പെരുകിനചെമ്പകനാടാകുന്നൊരു
സുരവരനാട്ടിലനാഹതരണം
പരിജനപാലനപരിചയശീലന്‍
പരിപാലിച്ചരുളീടുകധീശന്‍
ഗുരുനാഥന്‍ മമ ഗുണഗണമേറിയ
ധരണിസുരോത്തമനരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴിമാത്രം കാണാറായി;
കിള്ളിക്കുറുശ്ശിമഹേശ്വരനും പുന-
രുള്ളിലിരുന്നരുള്ളുന്നു സദാ മമ;
തുള്ളലിനുള്ള രസങ്ങളറിഞ്ഞവ-
രിള്ളം തന്നില്‍ രസിച്ചീടേണം.
വെള്ളിച്ചുരികയിളക്കിപ്പല പല
പുള്ളിപ്പുലി കടുവാ മഹിഷദിക
ളുള്ളവനങ്ങളില്‍ വേട്ടയുമാടി-
പ്പള്ളിക്രീഡാ തത്‌പരനാകിന
തകഴിയില്‍ വാണരിളീടിന ഭഗവാന്‍
അകളാകൃതിയാം ഹരിഹരതനയന്‍
സകല വരപ്രദനപ്രതിമാനന്‍
സുകൃതിഗുണങ്ങള്‍ വരുത്തീടേണം,
കവിമാതാവേ ദേവി സരസ്വതി!
കവിതാഭാവേ കാത്തരുളേണം
സജ്ജനസഭയുടെ സുഭഗത്വം കൊ-
ണ്ടിജ്ജനമൊന്നു പ്രയോഗിക്കുമ്പോള്‍
ദുര്‍ജ്ജനമെങ്കിലുമതിനെക്കൊണ്ടൊരു
ദൂഷണമൊരുവന്‍
ചൊല്ലുകയില്ല.
നല്ല ജനങ്ങടെ സഭയില്‍ ചെന്നാല്‍
വല്ലതുമവിടെ ശ്ശോഭിതമാവും;

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടൊരു സൗരഭ്യം;


The last two lines make up a famous saying in Malayalam. It's literal translation is "The nearby pebbles don the scent of the fallen jasmine." Hence the title of the blog "mullapoombodi" or jasmine flowers which I hope will rub off on any visiting stones :D