Sunday, 10 February 2008

KirAtham 72-131

സുജനഗണം കൊണ്ടുളവകും ബഹു-
മാനവിശേഷം വരുമെന്നുള്ളതു
ഞനൊരുപദ്യം ചൊല്ലാമായതു
മാനുഷരെല്ലാം കേട്ടറിയേണം.
കര്‍ണ്ണാരുന്തുദമന്തരേണ രണിതം ഗാഹസ്വകാക! സ്വയം
മാകന്ദം മകരന്ദശാലിനമിഹ ത്വാം മന്മഹേ കോകിലം
രമ്യാണി സ്ഥലവൈഭവേന കതിചിദ്വസ്തൂനി കസ്തൂരികാം
നേപാളക്ഷിതിപാലഫാലപതിതേ പങ്കേന ശങ്കേത കഃ
നേപളക്ഷിതി തന്നില്‍ വസിക്കും
ഭൂപാലന്റെ വലിപ്പം പറവാന്‍
പണ്ടൊരു കവിതക്കാരന്‍ പദ്യമ-
തുണ്ടാക്കി സ്തുതി ചെയ്ത്‌തു കേള്‍പ്പിന്‍;
പിതൃപിണ്ഡത്തെക്കൊത്തിത്തിന്മാന്‍
കൊതിയേറുന്നൊരു കാക്കേ! കേള്‍ നീ
കൂരിരുള്‍ പോലെ കറുത്ത ശരീരം
ക്രൂരമിതയ്യോ നിന്നുടെ ശബ്ദം.
പാരമസഹ്യം കേള്‍ക്കുന്നോര്‍ക്കൊരു
നേരവുമില്ലൊരു സൗഖ്യമിദാനീം
കര്‍ണ്ണങ്ങള്‍ക്കിതു കേള്‍ക്കുന്നേരം
പുണ്ണിലൊരുമ്പു തറച്ചതുപോലെ;
ഉരിയാടാതൊരു തേന്മാവിന്മേല്‍
മരുവുന്നാകില്‍ നിനക്കിഹകാക്കേ!
പെരുതായിട്ടൊരു ഗുണമുണ്ടായ്‌വരു-
മരുതാത്തതു പറകല്ല സഖേ! ഞാന്‍;
കുയിലും കാകനുമൊരു നിറമെന്നതു
കുറവില്ലതിനു പലര്‍ക്കും ബോദ്ധ്യം.
നാദം കൊണ്ടേ നിങ്ങളു തമ്മില്‍
ഭേദമതുള്ളൂ ബലിഭോക്താവേ!
മാവിന്നഗ്രേ ചെന്നു വസിച്ചാല്‍
കാകന്‍ നീയൊരു കോകിലമാവും
കാണികള്‍ നിന്നെക്കുയില്‍ കുയിലെന്നൊരു
നണിയമങ്ങു നടത്തിക്കൊള്ളും
ആയതു വരുമോ എന്നൊരു സംശയ-
മകതാരില്‍ പുനരുണ്ടാകേണ്ടാ;
നേപാളക്ഷിതിതന്നില്‍ വസിക്കും
ഭൂപാലന്റെ ലലാടം തന്നില്‍
ചേറു പിരണ്ടതുകണ്ടാലതു വില-
വേറില്ലാത്തൊരു കസ്തൂരിക്കുറി
എന്നല്ലാതൊരു മനുജന്മാര്‍ക്കും
തോന്നുകയില്ല വിചാരിക്കുമ്പോള്‍
കുങ്കുമണിയും തിരുനെറ്റിക്കൊരു
പങ്കം പിരള്‍വാനെന്തവകാശം?
ശങ്കര ശിവ ശിവ! ചേരാതുള്ളതു
ശങ്കിച്ചവനൊരബദ്ധക്കാരന്‍
ഏറെപ്പോന്ന ജനങ്ങടെ പാലനു
ചേറെന്നുള്ളതിനെന്തവകാശം?
ചെളിയൊന്നുള്ളതൊരുത്തനുപോലും
കളിയായിപ്പറവാനും മേലാ;
ജളനെന്നാലും സ്ഥലഭേദം കൊ-
ണ്ടുളവാം ഗുണമെന്നിതിനര്‍ത്ഥം.
ശാസ്ത്രങ്ങള്‍ വ്യാകരണസൂത്രങ്ങള്‍ നല്ല തര്‍ക്ക-
വാദങ്ങല്‍ പിന്നെ ധര്‍മ്മശാസ്ത്രങ്ങള്‍ പുരാണങ്ങള്‍
വേദം ഗണിതം മന്ത്രവാദം ചികിത്സാഗ്രന്ഥ-
ഭേദം ശാസ്ത്രവിദ്യാവിനോദമെന്നിവകളും
ആട്ടം കളികള്‍ പിന്നെ ചാട്ടം ഞാണിന്മേലേറി,
ഓട്ടം തുള്ളലും പലകൂട്ടം ഗ്രഹിച്ചവനും
കോട്ടം കൂടാതെ കവിക്കൂട്ടം ചമച്ചുണ്ടാക്കി
വാട്ടം കൂടാതെ വിദ്വത്‌കൂട്ടത്തെ ബോധിപ്പിപ്പാന്‍
ഒട്ടുമെളുതല്ലെന്നു ഞെട്ടും, സഭയെക്കണ്ടാല്‍
മുട്ടും മനസ്സു പാരം ചുട്ടു പഠിച്ചതെല്ലാം
വിട്ടു പോമത്രയല്ല കിട്ടും പരിഹാസങ്ങള്‍.

No comments: