കൈതവരഹിതന്മാരവര്‍ സുഖമൊടു
ദ്വൈതവനത്തിലിരിക്കും കാലം
കൈതവമിയലും കുരുകുലകുമതികള്‍
ചെയ്തൊരു കള്ളച്ചൂതു നിമിത്തം
ജാതമതാകിനവൈരമൊഴിപ്പാ-
നേതൊരു മാര്‍ഗ്ഗം സമുചിതമെന്നായ്.
ചേതസി കിമപി വിചാരിക്കുമ്പോള്‍
പ്രീതനതാകിന വേദവ്യാസന്‍
പരിചൊടു വന്നുപദേശം ചെയ്തു;
പരമേശനൊടു പാശുപതാസ്ത്രം
വിശ്വാസത്തൊടു വാങ്ങിക്കൊണ്ടഥ
ശത്രുജയത്തിനു വരവും വാങ്ങി
സത്വരമിങ്ങുവരേണം വിജയന്‍;
വിരവൊടു പോകെന്നരുള്‍ചെയ്തീടിന
വരവചനത്തെക്കേട്ടഥ വിജയന്‍!
ഗുരുവന്ദനവും ചെയ്തു കരത്തില്‍
ശരവും വില്ലുമെടുത്തു തിരിച്ചു.
ഗിരിശന്‍ ഭഗവാന്‍ വാണരുളുന്നൊരു
ഗിരിയുടെ മുകളില്‍ ചെന്നു കരേറി.
സുരവരതടിനീസലിലേ മുഴുകി
തരസാനിന്നു തപസ്സു തുടങ്ങി.
പഞ്ചായുധരിപുതന്നുടെ നാമം
പഞ്ചാക്ഷരമതു പഠനം ചെയ്തു
പഞ്ചാഗ്നികളുടെ നടുവിലനാരത-
മഞ്ചാതേ കണ്ടവിടെ വസിച്ചു;
പഞ്ചാനനസമധീരനതാകിന
പാഞ്ചാലീപതി പാണ്ഡുതനൂജന്‍
പഞ്ചേന്ദ്രിയവുമടക്കി മനസ്സില്‍
സഞ്ചാരത്തിനു വഴികള്‍ മുടക്കി
ചഞ്ചലഭാവവുമഖിലമകന്നു ക-
രാഞ്ചലയുഗളും മുകുളിതമാക്കി
കിഞ്ചനസംശയമിടകൂടതെ
നെഞ്ചിലുറച്ചു ശിവോഹമതെന്ന്
സഞ്ചിതഭാവവിശുദ്ധജ്ഞാനവു-
മഞ്ചിതമാകിന ശിവനുടെ രൂപം
അഞ്ചും മൂന്നും മൂര്‍ത്തികളുള്ളൊരു
സഞ്ചിതഗുണനാമഖിലേശ്വരനുടെ
ചെഞ്ചിടമുടിയും നിടിലത്തടവും
സഞ്ചിതപാവകനേത്രപ്രഭയും
ചഞ്ചലഫണമണികുണ്ഡലയുഗവും
പുഞ്ചിരി തഞ്ചിന തിരുമുഖവടിവും
ഗരളസ്ഫുരിതമഹാഗളതലവും
പരിലസിതം ഫണിതിരുമാറിടവും
പരശുമൃഗാഭയവരദകടുന്തുടി
ശരശൂലാഞ്ചിത കരനാളികയും
കരി ചര്‍മ്മാവൃത വികട കടീതട-
പരിലസിതോരഗമണിമേഖലയും
പരിമൃദുതുടകളുമടിമലരണിയും
പരിചൊടു ചേതസി ചേര്‍ത്തു കിരീടി
പര്‍മാനന്ദസമുദ്രേ മുഴുകി
പരമേശ്വരനഹമെന്നുമുറപ്പി-
ച്ചുരുതര ഭക്തി മുഴുത്തു മുനീശ്വര-
ചരിതത്തേക്കാളൊന്നു കവിഞ്ഞു.
ഫലമൂലാദികള്‍ ഭക്ഷണമില്ലാ
ജലപാനത്തിനുമാഗ്രഹമില്ലാ
നിലമതിലൊരു കാലൂന്നിക്കൊണ്ടൊരു
നിലയും നിഷ്ഠയുമെത്ര സുഘോരം!
വലരിപുസുതനുടെ ജടയുടെ നടുവില്‍
പല പല പക്ഷികള്‍ കൂടുകള്‍ കെട്ടി.
കല, പുലി, പന്നികളെന്നിവ വന്നു
പലരും ചെന്നു വണങ്ങീടുന്നു!
ചുറ്റും വള്ളികള്‍ വന്നുടനിടയില്‍
ചുറ്റുന്നതുമവലറിയുന്നില്ല;
പുറ്റു ചുഴന്നു കിളര്‍ന്നതിനകമേ
മുറ്റുന്നതുമവനറിയുന്നില്ല.
ചുറ്റും പാമ്പുകള്‍ വന്നു നിറഞ്ഞു
മുറ്റും ജിഷ്ണു മറഞ്ഞു ചമഞ്ഞു.
ചന്ദ്രക്കലാധരന്റെ സാന്ദ്രമാം സേവചെയ്‌വാന്‍
ചന്ദ്രപ്രതിമന്‍ വീരന്‍ സന്ദ്രപ്രസാദത്തോടെ
അന്നുള്ള ചങ്ങലകളഞ്ചും വെവ്വേറെയാക്കി
ആറില്‍ കടന്നു. പിന്നെ ഏഴുള്ള്മാര്‍ഗ്ഗത്തൂടെ
അട്ടുള്ള പെട്ടകങ്ങളും തുറന്നു വെച്ചു
ഒമ്പതാം വാതിലപ്പോള്‍ ബന്ധനം ചെയ്തു ധീരന്‍
പത്തുള്ള ദിക്കില്‍ക്കൂടെ ചേര്‍ത്തു സഞ്ചാരം ചെയ്തു;
ആയിരമിതളുള്ള താമരയിതള്‍ പല
ഭൃംഗം പറന്നു പല ഭൃംഗികയായുള്ളോരു
പിംഗലയിഡതന്നില്‍ പിന്നെ സുഷുമ്നതന്നില്‍
ഒക്കെകടന്നു പിന്നെ ദുര്‍ഘടനദികളും
ജിഹ്വാഗ്രഖണ്ഡത്തിന്റെ അഗ്രേ കടന്നു വീരന്‍
സൂര്യന്റെ ദിക്കില്‍ ചെന്നു സൂര്യപ്രതിമതന്‍ ധീരന്‍
പഞ്ചാരപ്പായസങ്ങള്‍ കൂടിക്കലര്‍ന്നിട്ടുള്ള-
തഞ്ചാതെ സേവ ചെയ്തു പായസപ്രിയസഖന്‍.
അത്ര ഭയങ്കരമായ തപസ്സിനു
പാത്രമതാകിയ പര്‍ത്ഥന്‍ തന്നുടെ
വാര്‍ത്തകള്‍ കേട്ടഥ വാസവനുള്ളില്‍
ചീര്‍ത്തൊരു ഭീതി മുഴുത്തു തുടങ്ങി
പാര്‍ത്ഥിവവരനിവനെന്നുടെ രാജ്യം
പാര്‍ത്തിരിയാതെ കരസ്ഥമതാക്കും
പാര്‍ത്തലമൊക്കെയടക്കി സുയോധന-
നോര്‍ത്താലിനിയതു വരവോന്നല്ല;
സ്വര്‍ഗ്ഗമശേഷമടക്കാമെന്നൊരു
ദുര്‍ഗ്ഗര്‍വ്വെന്നുടെ മകനു തുടങ്ങി.
ഭര്‍ഗ്ഗനെ വന്നു തപസ്സു തുടങ്ങി
ദുര്‍ഗ്ഗതിനീക്കാമെന്നുമുറച്ചു;
തന്‍കഴല്‍ വന്നു വണങ്ങുന്നവരുടെ
സങ്കടമൊക്കയൊഴിക്കണമെന്നു
ശങ്കരനൊന്നു കടാക്ഷിക്കുമ്പോള്‍
കിങ്കരരായ് വരുമിജ്ജനമെല്ലാം;
നിര്‍ജ്ജരരാജന്‍ നീയല്ലിനിമേല്‍
അര്‍ജ്ജുനനിഹ ഞാന്‍ വാളു കൊടുത്തു
അച്ഛനടങ്ങിയിരിക്കേ വേണ്ടൂ
വെച്ചാലും വാളെന്നു ഗിരീശന്‍
കല്‌പിച്ചെങ്കിലെറാനെന്നല്ലാ-
തിപ്പരിഷയ്ക്കൊന്നുരിയാടാമോ?
ഇത്തൊഴിലൊക്കെ വരുത്തും നമ്മുടെ
പുത്രന്‍ ഫല്‍ഗുനനെത്ര സമര്‍ത്ഥന്‍;
ഹനമെന്നുള്ളതു മോഹിക്കുമ്പോള്‍
വിനയമൊരുത്തനുമില്ലിഹ നൂനം.
തനയന്‍ ജനകനെ വഞ്ചന ചെയ്യും
ജനകന്‍ തനയനെ വധവും കൂട്ടും
അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും;
മനുജന്മാരുടെ മാര്‍ഗ്ഗമിതെല്ലാം;
കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില്‍ സുലഭം;
ഉഗ്രതപെരുകിന ധൃതരാഷ്ട്രാത്മജ-
നഗ്രജനാകിന ധര്‍മ്മാത്മജനുടെ
നിഗ്രഹമല്ലാതുള്ളൊരു തൊഴിലുക-
ളൊക്കെയെടുത്തു തടുത്തു വലച്ചും
പലരും കാണ്‍കെ ദ്രൗപദി തന്നുടെ
തലമുടി പിടിപെട്ടടിയും കൂടി
ഝടിതി പൊടിച്ചും പുടവയഴിച്ചും
പൊടിയിലിഴച്ചും പൂജകഴിച്ചും
ദുശ്ശാസനനെന്നവനെപ്പോലെ
കശ്മമലനായിട്ടൊരുവനുമില്ല;
മര്യാദയ്ക്കു നടക്കണമെന്നു
ദുര്യോധനനൊരു ഭാവവുമില്ല.
ജ്യേഷ്ഠനിരിക്കെ കുരിവംശത്തില്‍
ജ്യേച്ഠന്‍ ഞാനെന്നവനുടെ ഭാവം.
ജ്യേഷ്ഠനെ നാട്ടില്‍ കണ്ടെന്നാകില്‍
ചേട്ടകള്‍ തല്ലി പല്ലു പൊഴിക്കും;
നാടും നഗരവുമൊക്കെ വെടിഞ്ഞിഹ
കാടും വാണുവസിച്ചു യുധിഷ്ഠിരന്‍
അവനുടെ തമ്പി ധനഞ്ജയനിപ്പോള്‍
ശിവനെസ്സേവ തുടങ്ങി പതുക്കെ;
ഭുവനം മൂന്നുമടക്കി വസിപ്പ്പ്പാ-
നവനുണ്ടാഗ്രഹമതു സാധിക്കും;
ശിവനും പിന്നെ സ്സേവിപ്പോരെ
ശിരസി കരേറ്റാനൊരു മടിയില്ല.
കുടിലതയുള്ളൊരു ചന്ദ്രക്കലയും
മുടിയിലെടുത്തു നടക്കുന്നില്ലേ?
ഭുവനദ്രോഹം ചെയ്‌വാനായി
ശിവനേച്ചെന്നു ഭജിക്ക നിമിത്തം
ഭവനം മൂന്നു ലഭിച്ച പുരന്മാര്‍
ഭുവനം മൂന്നും ഭസ്മമതാക്കി
നമ്മുടെ മകനെന്നാകിലുമിങ്ങനെ
നിര്‍മ്മര്യാദം ഭാവിച്ചാലതു
സമ്മതമല്ല നമുക്കൊരുനാളും.
തന്മതഭംഗം ചെയ്തേ പോരൂ;
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളു.
Subscribe to:
Post Comments (Atom)
No comments:
Post a Comment