കിരാതം
കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍
Kiraatham by Kalakkathu Kunchan Nambiar
ഹരിഹരതനയന്‍ തിരുവടി ശരണം
വിരവൊടുകവിചൊല്‍വാന്‍ വരമരുളേണം
മറുതലരടിയനൊടടല്‍ കരുതായ്‌വാന്‍
കരുതുന്നേന്‍ കരുണാമൃതസിന്ധോ
കരി, കരടികള്‍, കടുവാ, പുലി, സിംഹം
വനമതില്‍ നിന്നു വധിച്ചതുപോലെ
മറുതലര്‍തമ്മെയൊഴിച്ചരുള്‍ നിത്യം
തകഴിയില്‍ വിലസീടുന്നിലവയ്യാ!
അണമതികലയും തുമ്പയുമെല്ലും
ഫണിപതിഫണഗണമണികളുമണിയും
പുരരുപിതന്‍പദകമലേ പരിചൊടു
പണിയുന്നവരുടെ പാലനശീലന്‍.
പ്രണയിനിയാകിന മലമകള്‍താനും
പ്രണയസുഖേനരമിപ്പാനായി
ക്ഷണമൊരുകരിവരമിഥുനമതായി
ക്ഷണികമതാകിന വിഷയസുഖത്തില്‍
പ്രണയമിയന്നൊരു രസികന്മാരവര്‍
പ്രണിഹിതകുതുകം വാഴും കാലം.
മണമിയലുന്ന മരപ്പുങ്കാവില്‍
മണലില്‍ നടന്നു മദിച്ചു മരങ്ങടെ
തണലിലിരുന്നു രമിക്കുന്നേരം
ഗുണവതിയാമുമതന്നുടെ മകനായ്
ഗണപതിയെന്നൊരു മൂര്‍ത്തിവിശേഷം
പ്രണതജനങ്ങുടെ വിഘ്‌നമൊഴിപ്പാന്‍
പ്രണയിതകുതുകം വന്നു പിറന്നു.
ക്ഷണമാത്രം നിന്തിരുവടിയടിയനു
തുണമാത്രം ചെയ്‌തീടുന്നാകില്‍
ഗുണപാത്രം ഞാനെന്നിഹ വരുവന്‍
അണുമാത്രം മമ സംശയമില്ല.
ഗണരാത്രങ്ങള്‍ കഴിഞ്ഞതിലങ്ങൊരു
കണമാത്രം പുനരുണ്ടായില്ല.
തൃണമാത്രം ബഹുമാനവുമില്ല
ധനവാന്മാരുടെ സഭയില്‍ വരുമ്പോള്‍
പരമാര്‍ത്ഥം പറയാമടിയന്നൊരു
പരനിന്ദാദികള്‍ നാവിലുമില്ല
പരിചൊടു സന്തതമംബരതടിനീ-
പുരിയില്‍ വസിച്ചരുളീടിന ഭഗവാന്‍
പരമാനന്ദമയാകൃതി കൃഷ്ണന്‍
പരദൈവതമടിയന്നനുകൂലം
നരപതി കുലപതി ധരണീസരുപതി
നിരവധി ഗുണഗണനിധിപതിസദൃശന്‍
പെരുകിനചെമ്പകനാടാകുന്നൊരു
സുരവരനാട്ടിലനാഹതരണം
പരിജനപാലനപരിചയശീലന്‍
പരിപാലിച്ചരുളീടുകധീശന്‍
ഗുരുനാഥന്‍ മമ ഗുണഗണമേറിയ
ധരണിസുരോത്തമനരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴിമാത്രം കാണാറായി;
കിള്ളിക്കുറുശ്ശിമഹേശ്വരനും പുന-
രുള്ളിലിരുന്നരുള്ളുന്നു സദാ മമ;
തുള്ളലിനുള്ള രസങ്ങളറിഞ്ഞവ-
രിള്ളം തന്നില്‍ രസിച്ചീടേണം.
വെള്ളിച്ചുരികയിളക്കിപ്പല പല
പുള്ളിപ്പുലി കടുവാ മഹിഷദിക
ളുള്ളവനങ്ങളില്‍ വേട്ടയുമാടി-
പ്പള്ളിക്രീഡാ തത്‌പരനാകിന
തകഴിയില്‍ വാണരിളീടിന ഭഗവാന്‍
അകളാകൃതിയാം ഹരിഹരതനയന്‍
സകല വരപ്രദനപ്രതിമാനന്‍
സുകൃതിഗുണങ്ങള്‍ വരുത്തീടേണം,
കവിമാതാവേ ദേവി സരസ്വതി!
കവിതാഭാവേ കാത്തരുളേണം
സജ്ജനസഭയുടെ സുഭഗത്വം കൊ-
ണ്ടിജ്ജനമൊന്നു പ്രയോഗിക്കുമ്പോള്‍
ദുര്‍ജ്ജനമെങ്കിലുമതിനെക്കൊണ്ടൊരു
ദൂഷണമൊരുവന്‍ ചൊല്ലുകയില്ല.
നല്ല ജനങ്ങടെ സഭയില്‍ ചെന്നാല്‍
വല്ലതുമവിടെ ശ്ശോഭിതമാവും;
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടൊരു സൗരഭ്യം;
The last two lines make up a famous saying in Malayalam. It's literal translation is "The nearby pebbles don the scent of the fallen jasmine." Hence the title of the blog "mullapoombodi" or jasmine flowers which I hope will rub off on any visiting stones :D
Subscribe to:
Post Comments (Atom)
No comments:
Post a Comment